അഹമ്മദാബാദ്: നേപ്പാളിലെ ജെൻ സി കലാപത്തിനിടെ ജയിലിൽനിന്നു രക്ഷപ്പെട്ട ലഹരി മരുന്ന് കേസ് പ്രതി ഗുജറാത്തിൽ പിടിയിൽ.
അഹമ്മദാബാദ് സ്വദേശി ധർമേഷ് റസിക്ലൽ ചുനരായെയാണ് ഗുജറാത്ത് പോലീസിന്റെ സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് പിടികൂടിയത്.
2024 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം. ബാങ്കോക്കിൽനിന്നു കാഠ്മണ്ഡു വിമാനത്താവളത്തിൽ എത്തിയ ധർമേഷിനെ 13 കിലോ ഹൈബ്രിഡ് കഞ്ചാവുമായി പോലീസ് പിടികൂടിയിരുന്നു.
പിടിച്ചെടുത്ത ലഹരി മരുന്ന് അന്തരാഷ്ട്ര വിപണിയിൽ ഏകദേശം 13 കോടി രൂപ വില വരുന്നതായിരുന്നു. തുടർന്ന് ഇയാൾ കാഠ്മണ്ഡുവിലെ ഭദ്ര ജയിലിലായിരുന്നു.
കഴിഞ്ഞ വർഷം സെപ്റ്റബറിൽ നേപ്പാളിൽ നടന്ന ജെൻ സി പ്രതിഷേധത്തിനിടെ ഭദ്ര ജയിൽ തകർക്കുപ്പെടുകയും ധർമേഷ് ഉൾപ്പടെയുള്ള നിരവധി തടവുകാർ രക്ഷപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് ഇയാൾ സോണൗലി അതിർത്തി കടന്ന് ഇന്ത്യയിലേക്കു തിരിച്ചെത്തി.
തുടർന്നുള്ള അന്വേഷണത്തിനൊടുവിലാണ് ധർമേഷിനെ അഹമ്മദാബാദിലെ ഒളിത്താവളത്തിൽനിന്നു പോലീസ് പിടികൂടിയത്. പ്രതിയെ നേപ്പാളിനു കൈമാറുന്നതിനുള്ള നിയമ നടപടികൾ നടന്നുകൊണ്ടിരിക്കുകയാണെന്നു പോലീസ് പറഞ്ഞു.